സുന്ദരിയും ഞാനും
കഴിഞ്ഞ കൊല്ലം ഉണ്ടായ സംഭവമാണ്.
ഞാന്‍ ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്.
പരശുരാം എക്സ്പ്രസ്സില്‍ സെക്കണ്ട് ക്ലാസ്സില്‍.
വാതിലിനോട് ചേര്‍ന്നുള്ള സിംഗിള്‍ സീറ്റിനു നേരെ എതിര്‍വശത്തുള്ള സിംഗിള്‍ സീറ്റില്‍ ആണ് ഇരിക്കുന്നത്.
ഉച്ചയ്ക്ക് കയറിയതാണ്, ബോറടിച്ചു തുടങ്ങി,
തീരെ തിരക്ക് കുറവായിരുന്നു.
ട്രെയിന്‍ കായംകുളം എത്തി.
അവിടെ നിന്നും മൂന്ന് സുന്ദരികളും ഒരുത്തനും കയറി.
അതില്‍ രണ്ടു സുന്ദരിമാരും അവനും അപ്പുറത്ത് ലോങ്ങ് സീറ്റില്‍ ചെന്നിരുന്നു. ഒരു സുന്ദരി അല്‍പ്പം ഷോ ഒക്കെ കാണിച്ചുകൊണ്ട്
എന്‍റെ മുന്നിലെ സീറ്റില്‍ ഇരുന്നു.
ഞാനും വിട്ടുകൊടുത്തില്ല,
ഒരു മൂന്നര കിലോ വെയിറ്റ് കൂടുതല്‍ ഇട്ടു.
അതില്‍ ഒരുവള്‍ അവന്‍റെ കാമുകിയാണെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി. മറ്റവള്‍ ഇടയ്ക്ക് എന്‍റെ മുന്നില്‍ ഇരിക്കുന്ന സുന്ദരിയെ നോക്കി ചിരിക്കുന്നു. പക്ഷെ അവള്‍ അവര്‍ക്കൊപ്പം സംസാരിച്ചുകൊണ്ടിരുന്നു.
ട്രെയിന്‍ പാഞ്ഞുകൊണ്ടിരിക്കുകയാണ്.
ഞാന്‍ ഇടയ്ക്കിടെ ഇടക്കണ്ണ്‍ കൊണ്ട്
ആ സുന്ദരിയെ നോക്കികൊണ്ടിരുന്നു.
'വാരണം ആയിരം' സിനിമയിലെ സൂര്യ കാണിക്കുന്നത് പോലെ
കാണിച്ചാല്‍ ബോര്‍ ആകില്ലേ എന്ന് വച്ച് എന്‍റെ ഉള്ളിലെ വായനോക്കിയെ
ഞാന്‍ നേരത്തെ പറഞ്ഞ മൂന്നര കിലോയിട്ട് അടിച്ചമര്‍ത്തി.
അവള്‍ക്കും കാര്യം മനസ്സിലായി,
അവള്‍ എന്‍റെ വെയിറ്റ് തട്ടിയിടാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഞാന്‍ എന്‍റെ ഹെഡ്ഫോണ്‍ എടുത്തു ചെവിയില്‍ വച്ചു.
അവളും മറ്റേ സുന്ദരിയും കൂടി
എന്തൊക്കെയോ കണ്ണുകൊണ്ട് കാണിച്ചു ചിരിക്കുന്നുണ്ട്.
ഞാന്‍ അങ്ങോട്ട് തിരിഞ്ഞു നോക്കിയപ്പോള്‍
കമിതാക്കളും മറ്റേ സുന്ദരിയും എന്നെ കളിയാക്കുന്നത് പോലെയുള്ള നോട്ടം നോക്കി കൊണ്ടിരിക്കുകയാണ്.
ഞാന്‍ ഉടനെ താഴേക്ക് നോക്കി, കൂടുതല്‍ ധൈര്യം സംഭരിച്ചുകൊണ്ട്
ഞാന്‍ എന്‍റെ തലയുയര്‍ത്തി.,
അവളുടെ മുഖത്തേക്ക് നോക്കാന്‍ ഒരു ചെറിയ ചമ്മല്‍.
ട്രെയിന്‍ പാഞ്ഞുപോയികൊണ്ടിരിക്കുന്നു.
അവള്‍ എനിക്ക് നേരെ തന്നെയിരുന്നു വന്‍ ഷോ.
ഞാന്‍ പതുക്കെ പുഞ്ചിരിച്ചു.
പക്ഷേ അവള്‍ ഗൌരവത്തില്‍ തന്നെയിരുന്നു.
ഞാന്‍ വീണ്ടും ചമ്മി പോയി.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചുവന്ന തുണി
അവളുടെ ജനാലയ്ക്ക് അരികിലൂടെ പാറി കളിയ്ക്കാന്‍ തുടങ്ങി.
എനിക്ക് എല്ലാം സ്ലോ മോഷന്‍ ആയതുപോലെ തോന്നി.
അവളുടെ മുടിയും ആ ചുവന്ന തുണിയും കാറ്റില്‍ പറന്നുകളിക്കുന്നു.
അവള്‍ തന്‍റെ കൈ വിരലുകള്‍ കൊണ്ട് പറന്നു പാറി കളിക്കുന്ന ചുവന്ന തുണിയില്‍ പതുക്കെ തലോടാന്‍ തുടങ്ങി,
വന്‍ ഷോ!
ഷോ എന്ന് പറഞ്ഞാല്‍ വന്‍ ഷോ..!!!
സിനിമയിലെ പാട്ട് സീനുകളില്‍ കാറ്റില്‍ പാറികളിക്കുന്ന
പുല്‍ത്തലപ്പുകളില്‍ തലോടുന്നത് പോലെ.
GLADIATOR സിനിമയിലെ ഭാര്യയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കാണിക്കുന്ന ദ്രിശ്യങ്ങള്‍ പോലെ... ഒടുക്കത്തെ റൊമാന്റിക് മൂഡ്...
പാറികളിക്കുന്ന ചുവന്ന തുണി...
സുന്ദരിയുടെ കൈവിരലുകള്‍...
തലോടലുകള്‍...
എന്നിങ്ങനെ പോകുന്നു.
അതാരുടെ തുണിയാണ് എന്നറിയാനായി
ഞാന്‍ അവളുടെ സീറ്റിനു പുറകിലെ വാതില്‍ക്കലേക്ക് നോക്കി.
ഒരു ഹിന്ദിക്കാരന്‍ തുണി ഉണക്കാനായി കാറ്റില്‍ പിടിച്ചിരിക്കുകയാണ്.
അയാള്‍ പിടിച്ചുനില്‍ക്കുകയാണ് ആ ചുവന്ന തുണിയില്‍.
അത് കണ്ടതും എന്‍റെ കണ്ട്രോള്‍ പോകാന്‍ തുടങ്ങി.
എനിക്ക് ചിരി വരാന്‍ തുടങ്ങി.
പെട്ടന്ന് അയാള്‍ തുണി പിന്‍വലിച്ചു.
തുണിയും തലോടലും ആയി ഇരിക്കുന്ന അവള്‍ തുണി പെട്ടന്ന് കാണാതെ ആയപ്പോള്‍ തിരിഞ്ഞു നോക്കി,
അപ്പോഴേക്കും ഹിന്ദിക്കാരന്‍ വാതില്‍ക്കല്‍ നിന്നും എന്‍റെ വശത്തുകൂടി തിരഞ്ഞു നടക്കാന്‍ തുടങ്ങി,
അന്നേരം അവള്‍ നോക്കുമ്പോള്‍ കാണുന്നത് ഒരു ഹിന്ദിക്കാരന്‍ കഴുത്തില്‍ ചുറ്റിഇട്ടിരിക്കുന്ന ചുവന്ന തോര്‍ത്ത് മുണ്ടാണ്.
അത് കണ്ട അവളുടെ മുഖത്തെ എക്സ്പ്രെഷന്‍ മാറിയ മാറ്റം കണ്ടിട്ട്
എന്‍റെ 'ചിരിവള്ളി' പൊട്ടി...
എനിക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല.
ഞാന്‍ ചിരിച്ചുകൊണ്ടേയിരുന്നു.
ഓരോ പ്രാവശ്യവും അവളുടെ മുഖത്തേക്ക് നോക്കുമ്പോഴും
എനിക്ക് ചിരി വരും.. ഞാന്‍ ചിരിക്കും..
അവളാണെങ്കില്‍ ചമ്മി ചതഞ്ഞു ഇല്ലാതായി.
എനിക്ക് ചിരിയടക്കാന്‍ പറ്റാതെ പാടുപ്പെട്ടു.
അങ്ങനെ കൊല്ലം സ്റ്റേഷന്‍ എത്തിയപ്പോള്‍ അവളും മറ്റുള്ളവരും ഇറങ്ങി.
ഞാന്‍ അവളെ തന്നെ നോക്കി കൊണ്ടിരുന്നു.
ഞാന്‍ ചിരിച്ചു കൊണ്ടേയിരുന്നു.
അവളാണെങ്കില്‍ വിളറിയ മുഖവുമായി പ്ലാട്ഫോമില്‍ നില്‍ക്കുകയാണ്.
അവസാനം ട്രെയിന്‍ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി,
ഞാന്‍ ചിരിയടക്കികൊണ്ട് അവളെ നോക്കി തലയാട്ടി.
അവള്‍ പതുക്കെ പുഞ്ചിരിച്ചു.
പക്ഷെ ആ ഹിന്ദിക്കാരന്‍ ആ ചുവന്ന തുണിയുമായി
എന്‍റെ മുന്നില്‍ വന്നിരുന്നു.
ഞാന്‍ അവളെ തിരിഞ്ഞു നോക്കിയില്ല..!!!
എനിക്ക് അതിനു കഴിയില്ല..!!!
Comments