തൂണിലും തുരുമ്പിലും ക്യാമറ
എന്‍റെ ക്യാമറ കൊണ്ട് ഉണ്ടാക്കിയ കാശുകൊണ്ട് ഞാനൊരു കാറ് വാങ്ങി.
ആ കാറില്‍ ടോള്‍ കൊടുത്ത ഗമയില്‍ ആറെ-അറുപതില്‍ ഓടിച്ചുകൊണ്ട് പോകുമ്പോള്‍ പോലീസ് കൈ കാണിച്ചു,
വേഗതയുടെ പേരില്‍ പിഴ അടപ്പിച്ചു.
അല്ല, വലിയ റോഡുകള്‍ ഉണ്ടാക്കുന്നത് വേഗത്തില്‍ പോകാനല്ലേ...?
എന്ന് ഞാന്‍ അവരോട് ചോദിച്ചു.
നീ വല്യകാര്യമൊന്നും പറയണ്ട മര്യാദക്ക് കാശും അടച്ചു പോകാന്‍ നോക്ക്...
എന്ന് അവര്‍. സര്‍ക്കാരിന് കൊടുക്കാനല്ലേ എന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ റേഡിയോയില്‍ ഒരു വാര്‍ത്ത കേട്ടു.
വിജയ് മല്ല്യമാരുടെയൊക്കെ കോടികണക്കിന് രൂപ കിട്ടാക്കടമായി എഴുതി തള്ളിയെന്ന്...
ആ ടെന്‍ഷനില്‍ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചതും അതിനും കിട്ടി പിഴ,
സങ്കടം കൊണ്ടാണ് ബാറില്‍ കേറി ഒന്നരയടിച്ചത്,
അവിടെ നിന്നും കാറെടുത്ത് ഇറങ്ങിയപ്പോള്‍ ദേ വീണ്ടും പിഴ,
കാറ് നാളെ സ്റ്റേഷനില്‍ ചെന്നാല്‍ തരാമെന്നു പറഞ്ഞു പോലീസുക്കാര്‍ കൊണ്ട്പോയി.
ഇനിയിപ്പോള്‍ സമയം ഇത്രയയില്ലേ എന്ന് കരുതി ഒരു കമ്പി പടം കാണാന്‍ വേണ്ടി തീയേറ്ററില്‍ കയറിയിരുന്നു,
ദേ അവിടേം വച്ചിരിക്കുന്നു ക്യാമറ...
പിന്നെ കേള്‍ക്കുന്നത് "ജനഗണമന.."യാണ്,
കമ്പിപടം കാണിക്കാന്‍ പോകുന്ന സ്ക്രീനില്‍ ദേശീയഗാനം കാണിച്ചപ്പോള്‍ ആവേശത്തില്‍ "ജയ് ഹിന്ദ്" വിളിച്ചു പോയി,
അങ്ങനെ സിനിമ തുടങ്ങി,
നായകനാണ് എന്ന് തോന്നുന്നു ഒരുത്തന്‍ ഹെല്‍മറ്റും വച്ച് കുറെ നേരമായി ബൈക്ക് ഓടിക്കുന്നു..
ഇതെന്തു ഊ___യ പടം എന്നും വിചാരിച്ചു പുറത്തേക്കിറങ്ങി
മൂത്രപുരയില്‍ കേറി സിബ് അഴിച്ചപ്പോള്‍ അവിടേം വച്ചിരിക്കുന്നു ക്യാമറ. അങ്ങനെ അവിടെ നിന്നും പുറത്തേക്കിറങ്ങി റോഡില്‍ എത്തിയപ്പോള്‍
ഒരു പെണ്‍കുട്ടിയുടെ പുറകില്‍ രണ്ടുപേര്‍ നടന്നുവരുന്നു,
അവള്‍ പേടിയോടെ വേഗത്തില്‍ നടക്കുകയാണ്,
പെട്ടന്ന് പുറകില്‍ നിന്നും ഒരു സൈറനും
നീലയും ചുവപ്പും പ്രകാശവും അടുത്തേക്ക് വരുന്നു.
പോലീസ് വരുന്നല്ലോ എന്ന ആശ്വാസത്തില്‍ അവള്‍ അവിടെ നിന്നു.
പുറകെ വന്ന രണ്ടുപേര്‍ പേടിച്ചു ഇരുട്ടില്‍ മറഞ്ഞു.
പക്ഷെ ആ പോലീസ് വാഹനങ്ങള്‍ അവളെ രക്ഷിക്കാന്‍ വന്നതായിരുന്നില്ല, ഏതോ ഒരു മന്ത്രിയോ മുതലാളിയോ സന്യാസിയോ പള്ളീലച്ചനോ എസ്കോര്‍ട്ട് പോകുന്നവയായിരുന്നു.
നൂറെ-നൂറ്റിയിരുപതില്‍ ആ ചെറിയ റോഡിലൂടെ അവ കടന്നുപോയി. അടച്ചിട്ടിരുന്ന ഒരു പെട്ടികടയുടെ മുന്നിലായിരുന്നു അവള്‍ നിന്നിരുന്നത്, അവിടേം വച്ചിരുന്നു ഒരു ക്യാമറ...
ഇരുളില്‍ മറഞ്ഞ രണ്ടുപേര്‍ ഉടനെ പുറത്തേക്ക് വന്നു,
അവരെ കണ്ട അവള്‍ തിരിഞ്ഞോടാന്‍ തുടങ്ങി,
രണ്ടുപേരും പുറകെയോടി,
ഞാന്‍ ഇതൊന്നും കാണാത്തത് പോലെ തിരിഞ്ഞു നിന്നു;
എന്നിട്ട് അവര്‍ ഓടിയതിന്‍റെ എതിര്‍ വശത്തേക്ക് നടന്നു.
കുറച്ചു നടന്നപ്പോള്‍ ഒരു വലിയ റോഡിനു അരികില്‍ എത്തി,
ഏതെങ്കിലും KSRTC ബസിന് കൈ കാണിച്ചു നിര്‍ത്തിച്ചു
അതില്‍ കയറിപോകാമെന്ന പ്രതീക്ഷയില്‍ ശബ്ദങ്ങളെ ബോധപൂര്‍വം അവഗണിച്ചുകൊണ്ട് അവിടെ തന്നെ നിന്നു.
അവിടേം വച്ചിരുന്നു ഒരു ക്യാമറ.
എന്‍റെ മുകളിലായി റോഡിലേക്ക് തിരിച്ചുവച്ചിരുന്ന ക്യാമറയില്‍
ഇടയ്ക്കിടെ ഫ്ലാഷ് മിന്നിയിരുന്നു.
ശബ്ദങ്ങളെ ബോധപൂര്‍വം ഞാന്‍ അവഗണിച്ചു.
ക്യാമറയും അവഗണിച്ചിരുന്നു.

Comments