ആദ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


  1. കുടുംബ പാരമ്പര്യം - ആദ്യമായി കുടുംബപരമായി ഏതു പാര്‍ട്ടി ആണെന്ന് മനസ്സിലാക്കുക, എന്തിനാണെന്ന് ചോദിച്ചാല്‍ പാരമ്പര്യ-പാര്‍ട്ടിയോടല്ല താല്പര്യമെങ്കില്‍ ബന്ധുക്കള്‍ നെറ്റി ചുളിക്കാന്‍ ഇടയുണ്ട്. എല്ലാവരുടെയും മുഖത്ത് ആശ്ച്ചര്യഭാവം കാണാനും സാധ്യത ഉണ്ട്. നസ്രാണിയായി ജനിച്ചു പോയി എന്നത് പോലെ തന്നെയാണ് ജനിച്ചപ്പോഴേ പാര്‍ട്ടിയും ആയി  എന്ന വിശ്വാസം ആയിരിക്കാം നെറ്റി ചുളിയലിനു ഇടയാക്കുന്നത്.
  2. സുഹൃത്തുക്കള്‍ - സുഹൃത്തുക്കള്‍ കൂടുതലും എതിര്‍ പാര്‍ട്ടി ആണെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തനം/പൊതുപ്രവര്‍ത്തനം തുടങ്ങിയ അന്ന് മുതല്‍ കണ്ട ഭാവം കാണിക്കാതിരിക്കാനുള്ള സാധ്യത ഉണ്ട്.   സ്ഥിരമായി ചെയ്യാറുള്ള എന്ത് തെണ്ടിതരവും നിര്‍ത്തണം അത് തെറ്റാണു എന്ന് പറഞ്ഞാല്‍  അത് രാഷ്ട്രീയമായി മാത്രം കാണുകയും നമ്മളോട് ചോദിക്കുക പോലും ചെയ്യാതെ മറ്റുള്ളവരുടെ വാക്ക് കേട്ട് നമ്മെ ഒറ്റപെടുത്താനും സാധ്യത ഉണ്ട്.  വികാരനിര്‍ഭര ഭീഷണിയായിരിക്കും  ആദ്യം കാണിക്കുക. നമ്മളെക്കാള്‍ മുന്‍പേ ഇറങ്ങിയതാണ് അവര്‍ എങ്കില്‍  അത് ഒരു ദിവസമോ ഒരു വര്‍ഷമോ ആയിക്കോട്ടെ "നീ ഒരു മാതിരി രാഷ്ട്രീയം കളിക്കരുത്.." എന്നായിരിക്കും ആദ്യം ചോദിക്കുക. അതായതു അശോകന് അല്‍പ്പം ക്ഷീണം ആകാം എന്നാ പോലെ.
  3. അപ്പൂപ്പന്മാര്‍ - പരമ പുച്ചമായിരിക്കും. കാരണം അടിയന്തരാവസ്ഥക്കാലത്തും സ്വാതന്ത്ര്യസമരസമയത്തും ജീവിച്ചിരുന്ന ആളുകളാണ് അവര്‍.., ഏതു ചരിത്രബിരുദം  എടുത്തു പഠിച്ചവനായാലും ശരി പുസ്തകത്തില്‍ വായിച്ചതൊക്കെ കല്ല്‌ വച്ച നുണകളായിരുന്നു എന്ന് മനസ്സിലാകും. ജാതി,മത ചിന്തകള്‍ക്ക് അതീതമായിരിക്കണം എന്നൊരു ആഗ്രഹം ഉള്ളവരായിരിക്കും. ചുവന്ന കൊടി അത് 5സ്റ്റാര്‍ ഹോട്ടലിനു മുന്‍പില്‍ ഉള്ളതാണെങ്കിലും അത് മാര്‍ക്സിസ്റ്റുകാരുടെ ഹോട്ടല്‍ ആണെന്ന് വരെ പറയും. വെറും അഞ്ചു മിനിട്ട് പറയുന്നത് ശ്രദ്ധിച്ചാല്‍ കിണര്‍, തവള, നദി ഇതൊക്കെ ഉള്ള ആ പഴയ കഥ മനസ്സില്‍ വരുന്നത് സ്വാഭാവികം മാത്രം. ഷാരുഖ് ഖാന്‍ ആയപോലെ തോന്നുന്ന നിമിഷങ്ങള്‍ ഇവര്‍ക്കൊപ്പം കിട്ടും (SWADES)
  4. സാമ്പത്തികം -  ഇങ്ങോട്ടൊന്നും കിട്ടില്ല, പക്ഷെ ചിലവുണ്ടായിരിക്കും. രാഷ്ട്രീയക്കാര്‍ അഴിമതി നടത്തി സമ്പാദിക്കുന്നു എന്ന് കേള്‍ക്കാം പക്ഷെ സമ്പാദിച്ചവരെ  അതേതു പാര്‍ടിയില്‍  ആയാലും  കാണാന്‍- കിട്ടില്ല. ഉദ്യോഗസ്ഥരാണ് സമ്പന്നര്‍ ആകുന്നതു എന്ന് കണ്ടാല്‍ അറിയാം.
  5. സമയം - ഒരിക്കല്‍ ഇറങ്ങിയാല്‍ പിന്നെ അവസരങ്ങളുടെ പൂരമായിരിക്കും. ഇരുപത്തിനാല് മണിക്കൂറും ഇതിനു വേണ്ടി ചിലവഴിക്കാന്‍ തയ്യാറാകണം. സൈഡ് ബിസിനസ് ആയി ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. 
  6. പൊതു/മതപ്രവര്‍ത്തനം - പള്ളിയിലെ അല്ലെങ്കില്‍ അമ്പലത്തിലെയോ ഏതെങ്കിലും കമ്മിറ്റികളില്‍ 'കുന്‍സ്രാള്‍' ആയി നടക്കുനത് പെട്ടന്നുള്ള എന്‍ട്രിക്ക് നല്ലതാണ്.  മാത്രമല്ല കുടുംബപ്രേക്ഷകരെ നേടിയെടുക്കാനും പെണ്ണ് കെട്ടാനും ഏറെ സഹായിക്കും.  പൊതുപ്രവര്‍ത്തകന്‍ ആകാനുള്ള കഴിവ് ഉണ്ടെന്നു നാട്ടുക്കാര്‍ വിശ്വസികണമെങ്കില്‍ മതപരമായി പ്രഞ്ചിയേട്ടന്‍ ആകണം. സാമ്പത്തികം എങ്ങനെ ഒരാളെ പ്രഞ്ചിയേട്ടന്‍ ആക്കുന്നു എന്ന് കാണാം. ഉദാഹരത്തിനു ഗേറ്റിനു അടിച്ച കളര്‍ ഇഷ്ട്ടപ്പെട്ടിലെങ്കില്‍ അതിനെതിരെ ധീരഘോരം പോരാടുകയും ചാരിറ്റി  നടത്തുന്ന സ്ഥാപനത്തില്‍ ജോലി,വിദ്യാഭ്യാസം,സഹായം എന്നിവയ്ക്ക് ലക്ഷകണക്കിന് രൂപ ഭണ്ഡാരത്തില്‍ ഇടണമെന്ന വ്യവസ്ഥിതിക്ക്‌ എതിരെ മിണ്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  പള്ളിപെരുന്നാളിനു ബാന്‍ഡ്സെറ്റിനു മുനില്‍ ബാഡ്ജും കുത്തി നടക്കുകന്നത്   നിര്‍ബന്ധമായും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്.
  7. പ്രവര്‍ത്തനം/പ്രതിഷേധം - വളരെ പ്രധാനപ്പെട്ടതാണ് ഇത് സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും. ഇതിനായി ആദ്യം നോക്കേണ്ടത് ഇലക്ഷന് മത്സരിക്കാന്‍ താല്പര്യം ഉണ്ടോ എന്നാണ്. ആണെങ്കില്‍ പ്രതിഷേധിച്ചു തുടങ്ങരുത്, ഇലക്ഷന് നില്‍ക്കുന്നതിനു മുന്‍പേ എതിര്‍ പാര്‍ട്ടിക്കാര്‍ നമുക്കെതിരെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് നേരത്തെ പറഞ്ഞപോലെ പള്ളി/അമ്പല കമ്മിറ്റികളില്‍ കയറികൂടി 'സല്‍പേര്' ഉണ്ടാക്കുക. പ്രവര്‍ത്തിച്ചില്ലെങ്കിലും പ്രതിഷേധിക്കുന്നത് ഒഴിവാക്കുക. വ്യക്തിപരമായി എനിക്ക് പ്രതിഷേധമാണ് താല്‍പര്യം ശത്രുക്കള്‍ കൂടാനും വാശിയേറിയ മത്സരത്തിനും സാധ്യത ഉണ്ട്. കിണറ്റില്‍ താമസിക്കുന്ന തവളകളെ മറക്കരുത്, പുറത്തു തോടും പുഴയും കടലും ഒക്കെ ഉണ്ടെന്നു പറഞ്ഞാലും അവ വിശ്വസിക്കില്ല.
  8. വിദ്യഭ്യാസം - യുക്തിക്ക് നിരക്കത്തതിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അത് നീ പഠിച്ചത് കൊണ്ടാണെന്നും അത് പ്രായോഗികമല്ല എന്നും ഉള്ള ക്ലീഷേ ഡയലോഗുകള്‍ കേള്‍ക്കാന്‍ സാധ്യത ഉണ്ട. പഠിച്ചത് വെറുതെയായി എന്ന് വരെ തോന്നുന നിമിഷങ്ങള്‍ ഉണ്ടാകാം. മിനിമം പത്താം ക്ലാസ്സ്‌ എങ്കിലും, കടന്നിരിക്കണം അല്ലെങ്കില്‍ ശരാശരി പ്ലസ്‌ടു യോഗ്യത ഉള്ള അടുത്ത തലമുറയ്ക്ക് മുന്‍പില്‍ "ജബ....യെബ.. " എന്ന് പറയേണ്ടിവരും.  


DIVIDE AND RULE എന്ന തത്വത്തിലാണ് കാര്യങ്ങള്‍ എന്ന് മനസിലാക്കുക, എല്ലാവരും ഒന്നിച്ചു പ്രതിഷേധിച്ചാല്‍ കാര്യം നടക്കുമെന്ന് അറിയാം, ആ പ്രതിഷേധത്തിന് ശക്തി കുറക്കാന്‍ മനപൂര്‍വ്വം ഉണ്ടാക്കുനതാണ് ഈ വിദ്വേഷങ്ങള്‍., വിഘടിപിച്ചു നിര്‍ത്തിയാല്‍  പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും ദുര്‍ബലമാകാനും എളുപ്പമാണ്. എല്ലാ  പാര്‍ട്ടികളും നാടിനു നന്മക്ക് വേണ്ടി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടിയാണ് ലോകത്തില്‍ ഏറ്റവും മികച്ചത് എന്നൊരു ചിന്ത വേണ്ട, എല്ലാം ഒന്നിനൊന്നു 'മെച്ചമാണ്'. ആരും നല്ലകാര്യങ്ങള്‍ ചെവിയില്‍ വന്നു സ്വകാര്യമായി പറയില്ല, കുറ്റം പറയുന്നത് കേള്‍ക്കുന്നതുപോലെ അത് നഗ്ന സത്യമാണ് എന്ന് വിശ്വസിക്കരുത്.  ഇക്കരെ നിന്നാല്‍ അക്കരപച്ച എന്ന് തോന്നാത്ത ഒരേ ഒരു കാര്യമാണ് രാഷ്ട്രീയം. മാനുഷിക ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വില കൊടുക്കുക. ഇത് പുതിയ ആളുകള്‍ക്ക് വേണ്ടിയുള്ളതാണ്. 
വേറെ ഒരു ലക്ഷ്യവും ജീവിതത്തില്‍ ഇല്ലെങ്കില്‍, എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇറങ്ങുക. പ്രവര്‍ത്തിക്കുക. അറിയുക..
 എന്താണെന്ന് അറിയാതെ "രാഷ്ട്രീയം തീട്ടമാണ് ചവിട്ടിയാല്‍ നാറും"എന്ന് പറയുന്നത് ഒരു നാറിയ ഏര്‍പ്പാടാണ്. ഒന്നുമില്ലെങ്കിലും ഏതു നേരവും മൊബൈല്‍ ഫോണിലെ കമ്പി പടങ്ങള്‍ കണ്ടു റോക്കറ്റും വിട്ടും, കുടിച്ചും വലിച്ചും ക്രിക്കറ്റ് കളികണ്ടും സമയം കളയുന്ന അരാഷ്ട്രീയ വാദികളെക്കാള്‍   എത്രയോ നല്ലത് തന്നെയാണ് രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് അറിയാവുന്ന രാഷ്ട്രീയക്കാര്‍.

Comments

Jiyad Koolimadu said…
എന്റമ്മോ...
എന്തുവാടേ ഇത്?
എവിടുന്നു കിട്ടുന്നു ഇത്തരം പൊടിക്കൈകള്‍?
അതിരിക്കട്ടെ,
ഇത് വല്ലതും നടക്കുന്ന കാര്യമാണോ?
എനിക്കുണ്ടായ അനുഭവം ഇങ്ങനെയാണ്...
Asif Xceed said…
അരുണ്‍ ചേട്ടാ ...ആ ആവസാനത്തെ വരികള്‍ ...ഞാന്‍ പൊട്ടി ചിരിച്ചു പൊയ്...ഞാന്‍ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെക്കാന്‍ പോവുകയാണ്..സോറി ..രാഷ്ട്രീയമല്ല..പൊതു പ്രവര്‍ത്തനം...

Popular posts from this blog

ഡിവൈഡര്‍

നാട് നന്നാക്കാന്‍

സൂപര്‍സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌