അജ്ഞാത ജീവി
ചങ്ങനാശേരിയില്‍ താമസിക്കുമ്പോള്‍ ഒരിക്കല്‍ എന്‍റെ റൂംമേറ്റ്സ് എല്ലാവരും വീട്ടില്‍ പോയി.അന്ന് രാത്രി ഞാന്‍ ഒറ്റക്കായിരുന്നു.ഒരു ഞായറാഴ്ച്ച രാത്രി.
സാധാരണ വെള്ളിയാഴ്ച രാത്രി ആണല്ലോ സകല പ്രേതങ്ങളും
ഇറങ്ങുന്നത്. അത് കൊണ്ട് എനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല.
വീടിന്റെ മുന്നിലെ റൂമിലാണ് ഞാന്‍ കിടന്നിരുന്നത്.
ആ വീടിന്‍റെ മുറ്റത്തു മെറ്റല്‍ പാകിയിരുന്നു.
മുന്നിലത്തെ റൂമിലായത് കൊണ്ട് ആര് വന്നാലും നടക്കുന്ന ശബ്ദം കേള്‍ക്കുമായിരുന്നു. പലപ്പോഴും പതുങ്ങി വന്നു പേടിപിക്കാന്‍ ശ്രമിക്കുന്നവരെ കുടുക്കുന്നത് ഈ ശബ്ദം കേട്ടിട്ടാണ്.
അന്ന് രാത്രി ഒരു സിനിമയൊക്കെ കണ്ടു കിടക്കാന്‍ നോക്കിയപ്പോള്‍ നേരം ഒരു മണി ആയി. ലൈറ്റ് അണച്ച് കിടന്ന ഉടനെ ഉറക്കം വന്നു. മുന്നിലുള്ള വീട് കുറച്ച അകലെയാണ്, അവിടെ പുറത്തിട്ടിരുന്ന ലൈറ്റ് അവര്‍ ഓഫാക്കാറില്ല.
അങ്ങനെ ആ മഞ്ഞ വെളിച്ചം മൂലം എന്‍റെ റൂമിലെ ചുമരില്‍ ജനലിന്റെ നിഴല്‍ മനോഹരമായി കാണാമായിരുന്നു.ജനാലയ്ക്കല്‍ തല വച്ച് ചുമരിനു നേരെയാണ് ഞാന്‍ കിടക്കുന്നത്. ഉറക്കം വന്നിലെങ്കില്‍ പലപ്പോഴും ആ നിഴലും നോക്കി ഞാന്‍ കിടക്കാറുണ്ട്. അന്ന് രാത്രി ഉറക്കത്തില്‍ വീടിനു പുറത്തു ആരോ വന്നു ചാടിയ ശബ്ദം കേട്ടു ഞാന്‍ കണ്ണ് തുറന്നു. ഒന്നും കാണാനില്ല..
ഞാന്‍ പുതപ്പ് പതുക്കെ മാറ്റി. ചുമരില്‍ ആ വെളിച്ചം കിടക്കുന്നുണ്ട്. പേടിപ്പിക്കുന്ന നിശബ്ദത. അതെ പുറത്താരോ നടക്കുന്നു. ഒരു മനുഷ്യന്‍റെതുപോലെ ഭാരത്തിലുള്ള എന്തോ നടക്കുന്ന കാലൊച്ച.അത് ജനലിന്‍റെ അടുത്ത് നിന്നും അകന്നു പോകുന്നു. ഞാന്‍ പതുക്കെ തല ഉയര്‍ത്താന്‍ നോക്കിയപ്പോള്‍ കട്ടില്‍ ഒന്ന് ഞെരങ്ങി. ആ ശബ്ദം ഭീകരമായിരുന്നു. അതിനൊപ്പം കാലൊച്ചയും നിന്നു. ഞാന്‍ അതെ പോലെ തന്നെ നിന്നു. അതാ ആ കാലൊച്ച ജനലിനു അടുത്തേക്ക് വരുന്നു. എനിക്കാണെങ്കില്‍ ഒന്നും കാണാനും പറ്റില്ല. ജനാലയുടെ നിഴല്‍ മാത്രം ചുമരില്‍ കാണാം. അത് ജനാലക്കരികില്‍ വന്നു നിന്നു. ചുമരില്‍ ആണെങ്കില്‍ നിഴലും ഇല്ല. അത് എനെ തന്നെ നോക്കി നില്‍ക്കുകയാണെന്ന് എനിക്ക് തോന്നി. ഞാന്‍ അനങ്ങാതെ ശ്വാസം പോലും പതുകെ എടുത്തു അങ്ങനെ തന്നെ കിടന്നു. ഞാന്‍ ഉണ്ടാക്കുണ്ണ്‍ നേരിയ ചലനം പോലും വലിയ ശബ്ദങ്ങള്‍ ആയി മാറുന്നതായി എനിക്ക് തോന്നി. ഫോണ്‍ എടുത്ത് ആരെയെങ്കിലും വിളിക്കാനായി ഞാന്‍ തല അനക്കാതെ കണ്ണ് മാത്രം തിരിച്ചു ഫോണ്‍ എവിടെയാണെന്ന് നോക്കി. അത് മേശമേല്‍ ആണ്. പെട്ടന് അത് എതിര്‍ ദിശയിലേക്ക് നടന്നു. അതാ ഒരു നീളന്‍ കഴുത്തും തലയ്ക്കു ചുറ്റും കുറെ കൊമ്പുകളുമായി ഒരു ഭീകര രൂപത്തിന്‍റെ നിഴല്‍, ഒരു വലിയ സര്‍പ്പത്തിന്‍റെ പോലുള്ള തല ....എന്നാല്‍ നടക്കുന്ന ശബ്ദവും. ഞാന്‍ പേടിച്ചു വിറക്കാന്‍ തുടങ്ങി. അത് ജനല്‍ കടന്നു പോകുന്നത് ഞാന്‍ നിഴലിലൂടെ കണ്ടു. അത് അകന്നു പോകുകയാണ്. ആ ശബ്ദം തിരികെ വരുന്നതും കാത്തു കാതും കൂര്‍പ്പിച്ചു അനങ്ങാതെ അതെ കിടപ്പ് തന്നെ കിടന്നു.
പിറ്റേന്ന് രാവിലെ കൂടുകാരന്‍ വന്നു വിളിച്ചപ്പോള്‍ ആണ് എഴുന്നേറ്റത്.
ഞാന്‍ അവനോടെ കാര്യം പറഞ്ഞു. അവന്‍ ആദ്യം കളിയാക്കിയെങ്കിലും
പിന്നെ വിശ്വസിച്ചു. അന്ന് രാത്രി അതെ വെളിച്ചത്തില്‍ ശബ്ദം കൊണ്ടും നിഴല്‍ കൊണ്ടും ഒരു പഠനം നടത്തി. നിഴലിന്റെ ഉയരവും നടക്കുന്ന ശബ്ദവും മനുഷ്യന്‍റെതു തന്നെ, പക്ഷെ ഞാന്‍ കണ്ട നിഴല്‍ ഏതോ അജ്ഞാത ജീവിയാണെന്ന് ഉറപ്പിച്ചു. പിന്നീട് എന്നും രാത്രി ഞാന്‍ അതിന്‍റെ വരവും കാത്തു കിടന്നു,ഒരു മുട്ടന്‍ വടിയും കൈ എത്തും ദൂരെ മൊബൈലും ആയി.
മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍ ഞങ്ങള്‍ കോളേജില്‍ നിന്നും തിരികെ വരുമ്പോള്‍ റോഡില്‍ അതാ ഒരു മയില്‍ നില്‍ക്കുന്നു. ഞാന്‍ ആദ്യമായാണ് മയിലിനെ ഇത്ര അടുത്ത് കാണുന്നത്. മയില്‍ പീലി വിരിച്ചു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഈ മയില്‍ പീലി വിരിചിരുന്നില്ല, പകരം ഒരു സര്‍പ്പത്തെ പോലെ അതിന്‍റെ നീളന്‍ കഴുത്തും ചുറ്റും കുറെ കൊമ്പുകളുള്ള തലയും ഉയര്‍ത്തി പിടിച്ചു നടക്കുകയാണ്.

Comments
ചിത്രം എഴുത്തിനെ വെല്ലുന്നു.
ഈ സപര്യ തുടരുക.